ബ്രൈഡല്‍ ഗൗണില്‍ മാലാഖയെപ്പോലെ സുബി സുരേഷ്, നോവായി ചിത്രം

സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. സുബി മരിച്ച് ഒരു മാസം പിന്നിടുമ്പോൾ സുബിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. ബ്രൈഡൽ ​ഗൗണിൽ അതീവ സുന്ദരിയായി പുഞ്ചിരി തൂകി നിൽക്കുന്ന സുബിയെയാണ് കാണാൻ സാധിക്കുക.

നടിയുടെ മരണശേഷവും സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും നിലനിര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കി അമ്മയും സഹോദരനും എത്തിയിരുന്നു. ചേച്ചി നേരത്തെ ഷൂട്ട് ചെയ്ത് വെച്ച വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്യുമെന്നും കുടുംബാം​ഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ബ്രൈഡല്‍ ഗൗണില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന സുബിയുടെ ഫോട്ടോയും ഹൃദയ സ്പര്‍ശിയായ കുറിപ്പുമാണ് സുബിയുടെ ഫേസ്ബുക്ക് പേജില്‍ പുതിയതായി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സങ്കടം പങ്കിട്ടെത്തിയത്. ‘മാലാഖമാർ നമ്മെ സന്ദർശിക്കുമ്പോൾ…. ചിറകുകളുടെ ശബ്ദം കേൾക്കുകയോ പ്രാവിന്റെ തൂവൽസ്പർശനം അനുഭവിക്കുകയോ ചെയ്യുന്നില്ല… പക്ഷെ അവർ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന സ്നേഹത്താൽ അവരുടെ സാന്നിധ്യം നമ്മൾ അറിയുന്നു’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. ബ്രൈഡൽ ​ഗൗണിൽ മണവാട്ടിയെപ്പോലെ കാണാൻ തങ്ങൾ ഒരുപാട് ആ​ഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകരിൽ ഏറെപ്പേരും കമന്റ് ചെയ്തത്.

സുബി അവിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം സുബിയോട് ചോദിച്ചിരുന്ന ചോദ്യങ്ങളിലൊന്നായിരുന്നു അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം. ‘പ്രണയമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിവാഹത്തിലെത്തിയില്ല. പറ്റിയ ആളെ കിട്ടിയാല്‍ പ്രണയിച്ച് വിവാഹം ചെയ്യണം.’ ‘എന്റെ യെസ് എന്ന മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് വീട്ടില്‍ എല്ലാവരും എന്നായിരുന്നു മുമ്പൊരു അഭിമുഖത്തില്‍ സുബി പറഞ്ഞത്. കലാജീവിതത്തെ പോത്സാഹിപ്പിക്കുന്ന കുടുംബത്തേയും തന്നെയും ചേര്‍ത്തുപിടിക്കുന്ന ഒരാളായിരിക്കണം ജീവിതപങ്കാളി എന്നാണ് ആഗ്രഹമെന്നും’ സുബി പറഞ്ഞിരുന്നു.

‘എന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ് ആള്‍. ഫെബ്രുവരിയില്‍ കല്യാണം നടത്താമെന്നാണ് പറയുന്നത്. കാനഡയില്‍ ഒന്നിച്ച് പരിപാടി ചെയ്ത സമയത്താണ് അദ്ദേഹത്തിന് ഇങ്ങനെയൊരു താല്‍പര്യം വന്നത്. ഇരുവീട്ടുകാരുമായും ഇതേക്കുറിച്ച് സംസാരിച്ച് കഴിഞ്ഞതാണെന്നും’ സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞിരുന്നു.