വിലക്കുകൾക്കും നിരോധനത്തിനും പുല്ല് വില, തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത.

തിരുവനന്തപുരം. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വിലക്കുകളും നിരോധനത്തിനുമൊക്കെ പുല്ലു വില കല്പിച്ച് സർവ നിയമങ്ങളും ലംഘിച്ച് വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷൻകടവ്, ഉച്ചക്കട, പൂവാർ എന്നീ ആറ് കേന്ദ്രങ്ങളിലാണ് വള്ളങ്ങളടക്കം ഉപയോഗിച്ച് റോഡ് ഉപരോധിക്കുന്നത്. ചാക്ക ഭാഗത്തെ ഗതാഗതം പൂർണമായും സ്തംഭിച്ചു. സമരക്കാർ സെക്രട്ടറിയേറ്റ് മാർസിച്ചും നടത്തുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കും വരെ ശക്തമായ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധത്തിനു ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രദേശത്ത് മുദ്രാവാക്യം വിളിക്കുന്നതും നിരോധിച്ചിരുന്നു. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകു മെന്നതിനാലാണ് നിരോധനമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നതാണ്.

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ വാഹനങ്ങൾ തടഞ്ഞ് ഉപരോധിക്കുമെന്നാണ് സമരസമിതി നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ജില്ലാ ഭരണ കോടം വിലക്കിയിരുന്നത്. തുറമുഖത്തിന് മുന്നിലെ സമരപന്തൽ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികൾ മുന്നിലുണ്ടങ്കിലും, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കാനും സമര സമിതി തീരുമാനിച്ചിരിക്കുകയാണ്.