തലസ്ഥാനത്ത് വീടിനുള്ളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു, പിന്നാലെ മുറിക്കുള്ളില്‍ കുഴി രൂപപ്പെട്ടു, വിചിത്ര സംഭവം

തിരുവനന്തപുരം : മാരായമുട്ടത്ത് വീടിനുളളില്‍ ടൈലുകള്‍ പൊട്ടിത്തെറിക്കുകയും കുഴി രൂപപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ 9 മണിയോടെ മാരായമുട്ടം സ്വദേശി രത്നരാജിന്റെ വീട്ടിലാണ് വിചിത്ര സംഭവം ഉണ്ടായത്. വീട്ടിലുളളവര്‍ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.

ഇതിനോടൊപ്പം മുറിക്കുളളില്‍ ചെറു കുഴികള്‍ രൂപപ്പെടുകയും മുറിക്കുളളിലെ വെട്രിഫൈഡ് ടൈലുകള്‍ പൊട്ടുകയുമായിരുന്നു. വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുളളത്.

സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്. 300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുളളത്. പോലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ ടൈലുകള്‍ പൂര്‍ണ്ണമായും വീടിനുളളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്ന് ജിയോളജി വിഭാഗം വ്യക്തമാക്കി.