തിരുത്തിയ ടിക്കറ്റുമായി ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി, തിരികെ തരാന്‍ കെഞ്ചി തൊഴിലാളികള്‍

കൂരോപ്പട: ഓരോ ദിവസവും തള്ളി നീക്കാനായി ബുദ്ധിമുട്ടുന്നവരാണ് ലോട്ടറി തൊഴിലാളികള്‍. ഇവരെ കബളിപ്പിച്ച് പണം തട്ടുന്നവരെ എന്താണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഒരു സംഭവമാണ് കൂരോപ്പടയിലുണ്ടായത്. മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍പന നടത്തുന്ന കോത്തല തെക്കേതില്‍ അനീഷയെ തിരുത്തിയ ടിക്കറ്റുമായി എത്തി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു. തിരുത്തിയ ലോട്ടറി ടിക്കറ്റുമായി എത്തിയയാള്‍ അനീഷയുടെ പക്കല്‍ നിന്നും 8000 രൂപയും 40 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. മറ്റൊരു ലോട്ടറി വില്‍പനക്കാരനായ കൂരോപ്പട മാവേലിമറ്റം ശിവന്‍കുട്ടിയുടെ 3,000 രൂപയും 50 ലോട്ടറി ടിക്കറ്റുകളും ഇതേ മോഷ്ടാവ് തട്ടിയെടുത്തിരുന്നു. ‘അല്‍പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ തട്ടിച്ചെടുത്ത ആ തുക തിരികെ നല്‍കണം.’ എന്നാണ് ഇരുവരും പറയുന്നു.

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കൂരോപ്പട ബൈപ്പാസ് റോഡിലാണ് അനീഷ ടിക്കറ്റ് വില്‍പന നടത്തുന്നത്. ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ച് എത്തിയയാള്‍ 5000 സമ്മാനതുക അടിച്ച 36 ടിക്കറ്റുകള്‍ എടുത്ത് കൊടുത്ത് തുക ആവശ്യപ്പെട്ടു. അത്രയും പണം കയ്യിലില്ലെന്ന് അനീഷ പറഞ്ഞു. ഇതോടെ കയ്യിലുള്ള തുക തരാന്‍ ആവശ്യപ്പെട്ടു. ഇതോടെ കൈവശം ആകെ 8000 രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ സമ്മാനം അടിച്ച ടിക്കറ്റ് എന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് ഇയാള്‍ അനീഷയ്ക്ക് നല്‍കി. ബാക്കി പണത്തിന് 40 രൂപ വിലയുള്ള 40 ടിക്കറ്റുകള്‍ ഇയാള്‍ വാങ്ങി.

പതിനായിരത്തിന്റെ ബാക്കി തുകയ്ക്കായി 400 രൂപ ചില്ലറ തപ്പി എടുത്ത് അനീഷ നല്‍കാന്‍ തുടങ്ങിയപ്പോള്‍ അത് കയ്യില്‍ വച്ചോളു എന്ന് പറഞ്ഞ് ബൈക്കുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് ടിക്കറ്റുമായി അനീഷ ലോട്ടറി ഓഫീസില്‍ എത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. 3687 എന്ന 4 അക്കത്തില്‍ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു സമ്മാനമുണ്ടായിരുന്നത്. 3387 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഒപ്പം തിരുത്തിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയതെന്നു ടിക്കറ്റ് സ്‌കാന്‍ ചെയ്തു നടത്തിയ പരിശോധനയില്‍ വ്യക്തമായി.

എസ്എന്‍പുരം ഭാഗത്താണ് ശിവന്‍കുട്ടിയും തട്ടിപ്പിനിരയായത്. ശിവന്‍കുട്ടിയുടെ പക്കല്‍ 3000 രൂപയാണ് ഉണ്ടായിരുന്നത്. സമ്മാനമുണ്ടെന്ന് പറഞ്ഞ് ഒരു ടിക്കറ്റ് നല്‍കിയ ശേഷം 50 ടിക്കറ്റും വീങ്ങിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞു. റോസ് ഷര്‍ട്ട് ധരിച്ചയാളാണ് ബൈക്കില്‍ എത്തിയതെന്ന് ഇരുവരും പറഞ്ഞു. മാസ്‌ക് കണ്ണു വരെ മൂടിയ നിലയിലായിരുന്നു. തുക നഷ്ടമായെങ്കിലും ഒരു കാര്യത്തില്‍ ഇവര്‍ ആശ്വസിക്കുന്നു, ഇന്നലെ നറുക്കെടുത്ത ലോട്ടറിയില്‍, തട്ടിച്ചെടുത്ത 90 ടിക്കറ്റുകളിലും മോഷ്ടാവിനെ ഭാഗ്യദേവത തുണച്ചില്ല.