വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് വനംമന്ത്രി സന്ദർശിക്കണമായിരുന്നു, എം വി ശ്രയാംസ് കുമാർ

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് വനംമന്ത്രി സന്ദർശിക്കേണ്ടതായിരുന്നുവെന്ന് ആര്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ. ജനങ്ങൾ ഭീതിയിലാണ്. എന്തു കൊണ്ടുപോയില്ലെന്ന് മന്ത്രിയോട് ചോദിക്കണമെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

36 വർഷത്തിനുള്ളിൽ 118 പേര് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. മനുഷ്യർ മരിക്കുമ്പോൾ സർവകക്ഷിയോ​ഗം ചേരും. സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളും നടപ്പാകുന്നില്ല. വന്യജീവികളെ നേരിടാനുള്ള ആധുനിക സംവിധാനം വനംവകുപ്പിനില്ല.

മനുഷ്യരെ കൊല്ലുന്ന മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ വന്യജീവി നിയമത്തിൽ വകുപ്പുണ്ട്. ആവശ്യമായ ഘട്ടത്തിൽ ഈ അധികാരം ഉപയോഗിക്കണം. വന്യജീവികളുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ പുറത്ത് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.