പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തെന്ന് പറയരുത്: പ്രതിപക്ഷത്തിനെതിരെ എഎം യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭ വേദിയില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തായി കാണരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ധൂര്‍ത്ത് ആരോപിച്ച്‌ പ്രതിപക്ഷം രണ്ടാം തവണയും സമ്മേളനം ബഹിഷ്കരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വ്യവസായ പ്രമുഖന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

നേതാക്കള്‍ ഗള്‍ഫിലെത്തുമ്ബോള്‍ പ്രവാസികള്‍ താമസ സൌകര്യം ഒടുക്കുന്നതടക്കം എംഎ യൂസഫലി ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തിന് പിന്നാലെ അദ്ദേഹം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗ ഇങ്ങനെ..

എല്ലാ വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും ഒന്നിച്ച്‌ നില്‍ക്കണം. ആ വിമാനത്തവളം കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് പ്രവാസികളാണ്. ആ വികസനത്തില്‍ കെ കരുണാകരനും ഇകെ നായനാരും ഒരുമിച്ച്‌ യോജിക്കുകയുണ്ടായി. അതിന് ശേഷം വന്ന എല്ലാ മുഖ്യമന്ത്രിമാരും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. പ്രവാസികളെ സംബന്ധിച്ചു കാര്യങ്ങളിലൊക്കെ ഇരുകൂട്ടരും യോജിപ്പോടെയാണ് പ്രവര്‍ത്തിച്ചു. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോര്‍ഡിലിരുന്നയാളാണ് ഞാന്‍. കെ കരുണാകരനാണ് കൊച്ചി വിമാനത്താവളത്തിന്റെ തറക്കല്ലിട്ട് പണിയാരംഭിച്ച്‌. വിമാനത്താവളത്തിന്റെ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി പ്രഗല്‍ഭനായ ഇകെ നായനായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും വന്ന സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ബി ജെ പിക്കാരനായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ലോക കേരളസഭയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ തവണയും ഇത്തവണയും എന്തൊക്കെയോ വിവാദങ്ങളുണ്ടായി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും നേതാക്കള്‍ വിദേശത്തെത്തുമ്ബോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികള്‍ ഇവിടെ വരുമ്ബോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്. ലോക കേരള സഭ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും യൂസഫലി പറഞ്ഞു. പ്രവാസി വ്യവസായികളായ രവി പിള്ളയും ഡോ.ആസാദ് മൂപ്പനും യൂസഫലിക്ക് സമാനമായ അഭിപ്രായം ചടങ്ങില്‍ പങ്കുവച്ചിരുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോകകേരള സഭയുടെ മൂന്നാമത് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികള്‍ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ നിയമസഭാ മന്ദിരത്തില്‍ ഇന്നും നാളെയുമായി നടക്കും.