മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച, പ്രധാനമന്ത്രിയടക്കം പങ്കെടുക്കും

ന്യൂഡൽഹി : മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹൻ യാദവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹിന്ദി ഭൂമിയിലെ വിജയത്തിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. മുഖ്യമന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കളും പങ്കെടുക്കും.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 90 സീറ്റിൽ ബിജെപി 54 സീറ്റ് നേടിയിരുന്നു. ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ ലോക്സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനുമായിരുന്നു.

59-കാരനായ സായി ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വിശ്വസ്തനായിരുന്നു.നാല് തവണ എംപി ആയ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ സ്റ്റീല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ആയിരുന്നു.

മധ്യപ്രദേശില്‍ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒ.ബി.സി നേതാവുമായ മോഹന്‍ യാദവ് ആണ് ഇന്ന് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത് . ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ യാദവ് നിയമസഭയിലെത്തുന്നത്. ആദ്യമായി എം.എല്‍.എ സ്ഥാനത്തേക്ക് എത്തുന്നത് 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്.

മധ്യപ്രദേശ് നിയമസഭാ ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്റയെയും രാജേഷ് ശുക്ലയെയും തെരഞ്ഞെടുത്തു. കൂടാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ പുതിയ നിയമസഭാ സ്പീക്കറായി നിയമിച്ചു.