എത്തിക്സ് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി മഹുവ മൊയ്ത്ര, സഭ്യേതരമായ ഭാഷ പ്രയോഗിച്ചുവെന്ന് കമ്മിറ്റി അധ്യക്ഷൻ

ന്യൂഡൽഹി∙ പാർലമെന്റിന്റെ എത്തിക്‌സ് കമ്മറ്റി യോഗത്തിൽ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയി തൃണമൂൽ എംപി മഹുവ മൊയ്ത്ര. ചോദ്യ കോഴ വിവാദത്തിൽ മഹുവ മൊയ് ത്രയുടെ മൊഴി എടുക്കാൻ വിളിച്ച എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ കൃത്യം 11:00 മണിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മഹുവ, വൈകീട്ട് മൂന്നു മണിയോടെ പൊട്ടിത്തെറിച്ചു കൊണ്ട് പുറത്തിറങ്ങി. ഒപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയി.

തൃണമൂൽ എംപി മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിലാണ് എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായത്. വിവരങ്ങൾ ആരാഞ്ഞപ്പോൾ മഹുവ സഹകരിച്ചില്ലെന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോൻകർ പറഞ്ഞു. ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇറങ്ങിപ്പോയത്. പ്രകോപനപരമായ വാക്കുകൾ തനിക്കും സമിതി അംഗങ്ങൾക്കുമെതിരെ പ്രയോഗിച്ചുവെന്നും വിനോദ് സോൻകർ പറഞ്ഞു.

ദർശൻ ഹിരാനന്ദാനിയെക്കുറിച്ച് ചോദിച്ചപ്പോൾ ദേഷ്യത്തോടെയും ധാർഷ്ട്യത്തോടെയുമാണ് മഹുവ സംസാരിച്ചതെന്ന് സമിതി മെംബറായ അപരാജിത സാരംഗി പറഞ്ഞു. മഹുവയുടെ മുൻ പങ്കാളി കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് സിബിഐക്കു നൽകിയ പരാതിയാണു വിവാദത്തിനു തുടക്കമിട്ടത്.

ഗൗതം അദാനിയെ അപകീർത്തിപ്പെടുത്താൻ വ്യവസായി ദർശൻ ഹിരാനന്ദാനി, മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചു പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്നാണു ദെഹാദ്റായ് ആരോപിച്ചത്. മഹുവയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്തെത്തി. നിഷികാന്ത് ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിക്കുകയായിരുന്നു.