മരണമില്ലാത്ത കെപിഎസി ലളിതയ്ക്ക്, മകളുടെ ടീസർ പങ്കിട്ട് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘മകളു’ടെ ടീസർ പുറത്തുവിട്ടു. സത്യൻ അന്തിക്കാട് തന്നെയാണ് ടീസർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. മരണമില്ലാത്ത മലയാളത്തിന്റെ കെപിഎസി ലളിതയ്ക്ക് സിനിമയുടെ ആദ്യ ടീസർ സമർപ്പിക്കുന്നുവെന്ന് പങ്കുവച്ച് സത്യൻ അന്തിക്കാട് അറിയിച്ചു. തമാശ നിറഞ്ഞ ഫാമിലി എന്റർടെയ്‌നർ തന്നെയായിരിക്കും ‘മകൾ’ എന്നാണ് ടീസർ വ്യക്തമാക്കുന്നത്.

കുറിപ്പിങ്ങനെ

‘മകൾ’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.

ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. “സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.” ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.
‘മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.