അധികം സംസാരിക്കാത്ത ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് വലുതല്ലേ, വിജയിയെ കുറിച്ച് മാളവിക മോഹനന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. തമിഴകത്തും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് നടി. രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് എത്തിയ മാളവിക വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. ഗ്ലാമര്‍ ചിത്രങ്ങളും താരം ഏറെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ മാസ്റ്റര്‍ സമയത്ത് വിജയ് തന്നോട് പറഞ്ഞ കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് നടി.

അഭിനയം തുടരണമെന്നും തനിക്ക് മികച്ച ഭാവിയുണ്ടെന്നും വിജയ് തന്നോട് പറഞ്ഞുവെന്ന് മാളവിക പറയുന്നു. അധികം സംസാരിക്കാത്ത ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് വലുതല്ലേയെന്ന് നടി ചോദിക്കുന്നു. അടുത്ത സിനിമ ധനുഷിന്റെ ഡിഫോര്‍ ത്രീയാണ്. കഴിഞ്ഞ എപ്രില്‍ 13ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍. എല്ലാവരും വലിയ ത്രില്ലായിരുന്നു ആ സമയത്ത്. മാസ് റിലീസ് ആഘോഷിക്കാനുളള ഒരുക്കത്തിനിടെയിലാണ് കോവിഡ് കാരണം തിയ്യേറ്ററുകളെല്ലാം അടച്ചിടലിലേക്ക് പോയത്. ആദ്യ തമിഴ് ചിത്രമായ പേട്ടയിലെ റോള്‍ തിരഞ്ഞെടുക്കാന്‍ ഒരു മടിയുമില്ലായിരുന്നു. മുഴുനീള കഥാപാത്രം അല്ലായിരുന്നെങ്കിലും അതിനുളള പ്രാധാന്യം തിരിച്ചറിയാന്‍ പറ്റി. -മാളവിക പറഞ്ഞു.

നേരത്തെ തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് എതിരെ മാളവിക രംഗത്ത് എത്തിയിരുന്നു. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിത്ത് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം.-മാളവിക ചോദിക്കുന്നു.

തുടക്കസമയത്ത് ഒരുപാട് പേര്‍ ഒപ്പമുണ്ടാകും എന്നാല്‍ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് പറഞ്ഞ് തരാന്‍ ആരും ഉണ്ടാകില്ല. അത് അനുഭവിച്ച് തന്നെ അറിയണം. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു.’ ഏറെ പ്രതീക്ഷയോടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ പട്ടം പോലെയില്‍ എത്തിയത്. പക്ഷെ ബോക്‌സ്ഓഫീസില്‍ വേണ്ടത്ര വിജയം ചിത്രത്തിന് നേടാനായില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചത്. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു.-മാളവിക പറഞ്ഞു.