കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ കേന്ദ്രസര്‍ക്കാരിന് സമയം ഉണ്ടെന്ന കര്‍ഷ സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇടത് അനുകൂല സംഘടനകള്‍ അടക്കം രംഗത്ത് എത്തി. ടിക്കായത്തിന്റെത് അല്ല തങ്ങളുടെ നിലപാട് എന്ന് വ്യക്തമാക്കിയ അവര്‍ ഉടന്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

കര്‍ഷകര്‍ തുടരുന്ന സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇനിയും പൂര്‍ണമായി അടച്ചിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കര്‍ഷകരുമായി ക്രേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു. 11 വട്ടം ചര്‍ച്ച നടത്താന്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ എത്തി. 18 മാസം നിയമം നടപ്പാക്കാതിരിക്കാം എന്നതടക്കം നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചു. പക്ഷേ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പിടിവാശിക്ക് ഉപരി ക്രിയാത്മക നിര്‍ദ്ദേശത്തിന് കേന്ദ്രം ഇപ്പോഴും കാത്തിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച പീയുഷ് ഗോയല്‍ കര്‍ഷകര്‍ക്ക് ചര്‍ച്ചസാധ്യമാക്കാന്‍ ഒരു ഫോണ്‍ കോള്‍ അകലം മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കി.