ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇന്ദ്രന്റെ ജനനമാണ്, സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണ് താൽപ്പര്യം- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല കുടുംബമൊക്കെയായിട്ട് സുഖമായിട്ട് ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷമായി ജീവിക്കണമെന്ന് ആ​​ഗ്രഹിച്ച് ജീവിതം തുടങ്ങിയ എനിക്ക് ആദ്യമായിട്ട് ഒരു കുഞ്ഞ് ജനിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്റെ ഇന്ദ്രൻ… സം​ഗീതത്തിൽ അവനുള്ള ടേസ്റ്റും എന്നിൽ നിന്ന് കിട്ടിയതാവണം. അവൻ കാറിൽ പോകുമ്പോഴുമെല്ലാം പാട്ട് പാടികൊണ്ടിരിക്കാറുണ്ട്.

അവൻ ഇപ്പോഴും നന്നായി പാട്ട് പാടും. ഞാൻ പറയാറുണ്ട് സം​ഗീതം വിട്ട് കളയരുതെന്ന്. വീട്ടിലിരിക്കുമ്പോഴും അവൻ‌ കരോക്കെ വെച്ച് പാടാറുണ്ട്. അതുപോലെ തന്നെ അവന്റെ രണ്ട് മക്കളും നന്നായി പാടുന്നുണ്ട്. പിയാനോ, ​ഗിറ്റാർ തുടങ്ങിയവയും മക്കൾ കൈകാര്യം ചെയ്യും. പൃഥ്വിയും പാടും അങ്ങനെ പാടേണ്ട ഒരു ആവശ്യം വന്നാൽ മാത്രം. അല്ലാതെ ഇന്ദ്രനെപ്പോലെ എപ്പോഴും പാടുന്നയാളല്ല

ഞാനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന് ശേഷം മാത്രമാണ് പൃഥ്വിയുടേയും ഇന്ദ്രന്റേയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ.