സുകുമാരന്റെ മരണത്തിന് ശേഷവും തന്നോട് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ചിലര്‍ പറഞ്ഞിരുന്നു, അന്നെനിക്കു 39 വയസ്സാണ്, മല്ലിക സുകുമാരന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടിയായി ഇപ്പോഴും തിളങ്ങുമ്പോള്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇതേ പാതയില്‍ തന്നെയാണ്. മക്കളുടെ വളര്‍ച്ച കാണാന്‍ സുകുമാരന് ഭാഗ്യം ലഭിച്ചില്ല. അകാലത്തില്‍ ഉള്ള അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ സുകുമാരന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തില്‍ എഴുതിയ ഓര്‍മകുറിപ്പിലാണ് മല്ലിക സുകുമാരനെ കുറിച്ച് ഓര്‍ത്തത്. സുകുമാരന്‍ പോയതോടെ താനും കുട്ടികളും തനിച്ചായ അവസ്ഥയായിരുന്നു. ജീവിതം ശൂന്യമായത് പോലെ തോന്നി. എന്നാല്‍ പിടിച്ചുനില്‍ക്കാതെ പറ്റില്ലായിരന്നുവെന്നും മല്ലിക പറയുന്നു. പിടിച്ചു നില്‍ക്കാനുള്ള കരുത്ത് പകര്‍ന്നതും സുകുമാരനായിുരന്നുവെന്നും മല്ലിക പറയുന്നു.

മല്ലിക സുകുമാരന്റെ വാക്കുകള്‍, ‘സുകുവേട്ടന്‍ പോയതോടെ ഞാനും രണ്ടു കുട്ടികളും തനിച്ചായി. ജീവിതം ശൂന്യമായതുപോലെ. പക്ഷേ പിടിച്ചുനില്‍ക്കാതെ പറ്റില്ലായിരുന്നു. അതിനു കരുത്തു പകര്‍ന്നതും സുകുവേട്ടനായിരുന്നു. എന്റെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാള്‍. അദ്ദേഹം പോകുമ്‌ബോള്‍ അത്യാവശ്യം ഭൂമി ഉണ്ട്. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ട്. പണം ഒരിക്കലും ആര്‍ഭാടത്തിന് ചെലവഴിച്ചിരുന്നില്ല. ഉള്ള സമ്ബാദ്യം വച്ച് ജീവിതം നന്നായി പ്ലാന്‍ ചെയ്തു. ലോണുകള്‍ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നു. എല്ലാറ്റിലും ഞങ്ങളുടെ മേല്‍ ഒരു കരുതലുണ്ടായിരുന്നു.

സുകുമാരന്റെ മരണത്തിന് ശേഷവും തന്നോട് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ചിലര്‍ പറഞ്ഞിരുന്നു. അന്നെനിക്കു 39 വയസ്സാണ്. വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയൂ. എന്നാല്‍, കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. ഞാന്‍ പതറിയാല്‍, സങ്കടപ്പെട്ടാല്‍ അതില്‍ നിന്നുള്ള ബലഹീനതയില്‍ എന്റെ കുഞ്ഞുങ്ങളും തളരും.

ജീവിതമെന്നത് മനസ്സിലെ വാശിയായിരുന്നു. മക്കളെ നന്നായി വളര്‍ത്തണം- സുകുവേട്ടന്‍ എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ എന്റെ മക്കള്‍ക്ക് എന്നോടുള്ള സ്നേഹം കാണുമ്പോള്‍ അതില്‍ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം. കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്റെ ചിത്രമുണ്ട്. അതിലേക്കു നോക്കുമ്പോള്‍ മല്ലികേ..എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം തനിക്ക്. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്. അതൊക്കെ പോട്ടേടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും.

സുകുമാരനും ജയനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജയന്റെ മരണത്തെക്കുറിച്ചും സുകുമാരന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെ മല്ലിക എഴുതുന്നുണ്ട്. ‘കോളിളക്ക’ത്തിന്റെ ഷൂട്ടിങ്ങിന് രണ്ടാളും ഒന്നിച്ചാണു പോയത്. പിറ്റേന്ന് ‘സുകുമാരന്‍ ഹെലികോപ്റ്ററിന്റെ അടിയില്‍ പെട്ടു’ എന്ന വാര്‍ത്തയയാണ് കേള്‍ക്കുന്നത്. ഞാന്‍ നിശ്ചലയായിപ്പോയി. താമസിയാതെ മറ്റൊരാള്‍ വിളിച്ച് സുകുമാരനു കുഴപ്പമില്ലെന്നും ജയനാണ് അപകടം സംഭവിച്ചതെന്നും അറിയിക്കുകയായിരുന്നു.

സുകുവേട്ടന്‍ ജയനോടൊപ്പം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് എന്നെ വിളിച്ചു. ജയന് എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍ എനിക്കവന്റെ മുഖത്തേക്കു നോക്കാന്‍ പറ്റുന്നില്ല മല്ലികേ എന്നു പറഞ്ഞു കരഞ്ഞുവെന്നാണ് മല്ലിക പറയുന്നത്. അതേസമയം, ഷോട്ട് എടുക്കുന്നതിനു മുന്‍പു ജയന്‍ സുകുവേട്ടനോട് സൂക്ഷിക്കണമെന്നു പറഞ്ഞിരുന്നു. ബൈക്കില്‍ ബാലന്‍സ് തെറ്റി ഹെലികോപ്റ്ററിലെ പിടിത്തം നഷ്ടമായാല്‍ പെട്ടന്നു സ്പീഡില്‍ ഓടിച്ചു പോകണമന്നും അല്ലെങ്കില്‍ കോപ്റ്ററിന്റെ ചിറക് വന്നിടിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇക്കാര്യം ഓര്‍ത്ത് സുകുമാരന്‍ എന്നും സങ്കടപ്പെട്ടിരുന്നു.