ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമം, ആലുവയിൽ പാളത്തിലേക്ക് വീണ് യുവാവ് മരിച്ചു

എറണാകുളം: ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ പാളത്തിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. ആലുവ സ്റ്റേഷനിൽ ഇറങ്ങിയ ജിബിൻ വെള്ളം വാങ്ങി തിരികെ ട്രെയിനിൽ കയറാൻ ശ്രമിക്കവെയാണ് അപകടം. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയതിന് ശേഷമാണു യുവാവ് ഓടിക്കയറാൻ ശ്രമിച്ചത്.

ട്രെയിനിന് ഇടയിലേക്ക് ജിബിൻ വീണതോടെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വടകരയിലും സമാന രീതിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുരിയാടിയിലെ കോയന്റവളപ്പിൽ രജീഷ് ആണ് മരിച്ചത്. വടകര പൂവാടൻ ഗേറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.