വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹിയിലെ കമല നെഹ്റു കോളേജിലെ വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നർഗീസിനെ വിവാഹം ചെയ്യാൻ ബന്ധുവായ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവസ്ഥലത്തു നിന്നും ആക്രമണത്തിനുപയോഗിച്ച വടിയും പൊലീസ് കണ്ടെത്തി. സുഹൃത്തുമൊത്ത് വിദ്യാർഥിനി പാർക്കിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടാകുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ചന്ദൻ ചൗധരി പറഞ്ഞു. പെൺകുട്ടിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.