ഭാവി വധുവിന് സർപ്രൈസ് നൽകാൻ പോയി, ഒന്നര മാസമായി യുവാവ് ഭാവി വധുവിന്റെ വീട്ടിൽ കുടുങ്ങി

കൊച്ചി: കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ ഏവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുക ആണ്. രോഗം തടയാൻ വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പല വിവാഹങ്ങളും മാറ്റി വെച്ചു. ഇതിനിടെ പ്രതിശ്രുത വധുവിനെ ഞെട്ടിക്കാൻ പോയ യുവാവിന് കിട്ടിയത് മുട്ടൻ പണിയാണ്. സർപ്രൈസ് നൽകാൻ പ്രിയതമയുടെ വീട്ടിൽ എത്തിയ യുവാവ് അവരുടെ വീട്ടിൽ കുടുങ്ങി പോവുക ആയിരുന്നു.

ഭാവി വധുവിന് നൽകാൻ പിറന്നാള് സമ്മാനവും ആയിട്ടാണ് യുവാവ് ജോലി സ്ഥലമായ എറണാകുളത്ത് നിന്നും മംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. അത്യാവശ്യം ആയി ഓഫീസ് കാര്യത്തിന് പോകുന്നു എന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷം ആണ് യുവാവ് ഭാവി വധുവിനെ കാണാൻ പോയത്. തിരിച്ചു വരാനുള്ള ടിക്കറ്റും ഇദ്ദേഹം കരുതിയിരുന്നു.

പ്രതിശ്രുത വധുവിന്റെ പിറന്നാളിന് സർപ്രൈസ് ആയി എത്തി സമ്മാനം കൊടുക്കുക ആയിരുന്നു യുവാവിന്റെ ലക്ഷ്യം. മംഗളൂരുവിൽ ഭാവി വധുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ജനത കര്‍ഫ്യൂ പ്രഖ്യാപനം എത്തിയത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപനവും പിന്നാലെ വന്നു. ഇതോടെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദ് ആക്കി. യുവാവിന് തിരികെ പോകാന്‍ സാധിച്ചില്ല. ഒടുവിൽ യുവാവിന് വീട്ടില്‍ തങ്ങാന്‍ ഭാവി വധുവിന്റെ മാതാപിതാക്കള്‍ അനുവദിച്ചു. ഒടുവില്‍ മകന്റെ ഓഫീസ് അത്യാവശ്യം സ്വന്തം മാതാപിതാക്കളും അറിഞ്ഞു.

ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത് ബുധനാഴ്ചയാണ്. വിവാഹം മാറ്റി വെച്ചിരിക്കുകയാണ്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. തിരികെ വരാന്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത് യുവാവ് കാത്തിരിക്കുകയാണ്.