ദേശാഭിമാനിയിൽ വൻ തട്ടിപ്പ് മാനേജരെ പുറത്താക്കി

ദേശാഭിമാനിയിൽ സോഫ്റ്റ് വെയർ തിരിമറിയിലൂടെയും കമ്മിഷൻ വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ്. ഓണക്കാലത്ത് ഫുൾ പേജ്, ജാക്കറ്റ് പരസ്യങ്ങൾക്ക് അമിത ഡിസ്കൗണ്ട് നൽകി കോടികളുടെ കമ്മിഷൻ പോക്കറ്റിലാക്കിയ കൊച്ചി യൂണിറ്റ് മാർക്കറ്റിങ് മാനേജർ എസ്. ഷിനോയിയെ ഇന്നലെ സസ്പെൻഡ് ചെയ്തു. കണ്ണൂർ യൂണിറ്റിൽ സോഫ്റ്റ് വെയർ തിരിമറിയിലൂടെ 75 ലക്ഷം രൂപ തട്ടിയ അക്കൗണ്ട്സ് സീനിയർ ക്ലർക്ക് കണ്ടപ്പുര രവീന്ദ്രനെ കുറച്ചു മാസം മുൻപ് സസ്പെൻസ് ചെയ്തിരുന്നു.

ഇക്കാര്യം ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു ദേശാഭിമാനിയുടെ എല്ലാ യൂണിറ്റുകളിലും സമഗ്ര ഓഡിറ്റിങ് നടത്താൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നടന്നു വരുന്ന പരിശോധനയിലാണ് കൊച്ചി യൂണിറ്റിലെ ഓണ പരസ്യ തട്ടിപ്പു പിടികൂടിയത്. 15 ലക്ഷം രൂപ താരിഫുള്ള ജാക്കറ്റ് പരസ്യങ്ങൾക്ക് വൻ ഡിസ്കൗണ്ടിൽ വെറും മൂന്നു ലക്ഷം രൂപ ബില്ലിട്ടു. പരസ്യ ധാതാക്കളിൽ നിന്നു ലക്ഷങ്ങൾ കമ്മിഷൻ പറ്റിയ ശേഷമാണ് നഷ്ട നിരക്കിൽ പരസ്യം സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമായതിനെ തുടർന്നാണ് ഷിനോയിയെ സസ്പെൻഡു ചെയ്തത്.

കോട്ടയം യൂണിറ്റിലും സമാനമായ തിരിമറികൾ നടത്തിയവരെ ജനറൽ മാനേജർ കെ.ജെ.തോമസ് സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ ദേശാഭിമാനിയിൽ പല മാനേജർമാരുടെയും തല ഉരുളും. സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയിലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലും എത്തിച്ച പരസ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ റസിഡൻ്റ് എഡിറ്റർ വി.ബി.പരമേശ്വരൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി നൽകിയിട്ടുണ്ട്.