പാലാ രൂപതയുടെ സര്‍ക്കുലറിന് പൂര്‍ണ്ണ പിന്തുണ; അഞ്ച് മക്കളെങ്കിലും വേണമെന്ന് മാണി സി കാപ്പന്‍

പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണെന്നും കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം ഉണ്ടാവുമെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കു ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനാവും. തനിക്ക് മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ അഞ്ച് കുട്ടികളെങ്കിലും വേണമെന്നായിരുന്നു ആഗ്രഹം. പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ് താനെന്നും കാപ്പന്‍ പറഞ്ഞു. കുടുംബവര്‍ഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയര്‍ത്തിപ്പിടിച്ചതെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.