‘പൊക്കമൊക്കെ കറക്ടാണല്ലോ, എന്നാല്‍ പിന്നെ ആലോചിച്ചാലോ’ എന്ന് ചോദിച്ചു, പ്രണയകഥ തുറന്ന് പറഞ്ഞ് മണികണ്ഠന്‍

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് മണികണ്ഠന്‍ ആചാരി. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് പുരസ്‌കാരങ്ങളും കിട്ടിയിരുന്നു. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ മണികണ്ഠന് സാധിച്ചു. ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ് നടന്‍. തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജലിയാണ് വധു.

ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും വിവാഹ തിരക്കിലാണ് നടന്‍. ഇപ്പോള്‍ അഞ്ജലിയുമായുള്ള പ്രണയ കഥ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠന്‍. ചെറുപ്പം മുതല്‍ തന്നെ അഞ്ജലിയെ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ തന്നെ അറിയാവുന്ന കുടുംബമാണ് അവരുടേത് എന്നും മണികണ്ഠന്‍ പറഞ്ഞു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉത്സവത്തില്‍ വെച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയത്. പിന്നീട് ഇഷ്ടം തോന്നിയപ്പോള്‍ തമാശ രൂപേണ അത് അഞ്ജലിയോട് പറയുകയായിരുന്നു എന്നും മണികണ്ഠന്‍ പറയുന്നു.

‘പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാല്‍ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം. ‘ആലോചിച്ചോളൂ’ എന്ന് മറുപടിയും കിട്ടി. തുടക്കത്തില്‍ വീട്ടുകാരുടെ ഭാ?ഗത്തുനിന്ന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിര്‍പ്പിന് കാരണം. ‘എന്നേക്കാള്‍ ഒന്‍പതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാന്‍ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു’, മണികണ്ഠന്‍ പറഞ്ഞു.

ഏപ്രില്‍ 26ന് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹം നടക്കും. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവാഹം ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിട്ട് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മണികണ്ഠന്‍.

ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക് ഡൗണ്‍ ആയത്. ആദ്യം വിവാഹം മാറ്റിവെച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ വിവാഹമെന്ന് പറയുന്നത് ആഘോഷങ്ങള്‍ക്ക് വേണ്ടിയുളളതല്ലലോ. വിവാഹ ചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍ പശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. ആറുമാസം മുന്‍പേയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോള്‍ ഉറപ്പിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനുളള ഒരുക്കത്തിലാണ് നടന്റെ കുടുംബം.-മണികണ്ഠന്‍ പറഞ്ഞു.