40 വയസ്സായിട്ടും രണ്ടുപേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു-മഞ്ജരി

മലയാളത്തിന്റെ പ്രീയപ്പെട്ട ഗായികമാരില്‍ ഒരാളാണ് മഞ്ജരി. ബാല്യകാല സുഹൃത്തായ ജെറിനെയാണ് വിവാഹം കഴിച്ചത്, ലളിതമായ രീതീയിലായിരുന്നു വിവാഹം. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ജെറിനും ഞാനും ഒരുമിച്ച് പഠിച്ചതാണ്. പക്ഷെ അപ്പോഴൊന്നും എനിക്ക് ജെറിനെ അറിയില്ലായിരുന്നു. ഒരേ ക്ലാസില്‍ പഠിക്കുന്നവരെ എങ്ങനെ അറിയാതെയിരിക്കും എന്നൊക്കെ നിങ്ങള്‍ക്ക് തോന്നാം, പക്ഷെ അത് സത്യമാണ്. ഞാന്‍ എന്റെ ഗേള്‍സ് ഗ്യാങുമായി ഞങ്ങളുടേതായ ലോകത്തായിരുന്നു. അടിച്ചു പൊളിക്കലും പുറത്തുപോകലുമൊക്കെയായി കോളേജ് ജീവിതം കഴിഞ്ഞു

അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വാട്‌സ് ആപ് ഗ്രൂപ്പിലൂടെയൊക്കെ വീണ്ടും എല്ലാവരും ഒന്നിച്ചത്. അന്ന് ഗ്രൂപ്പില്‍ പല തമാശകളും പറയുന്ന ജെറിനെ ശ്രദ്ധിച്ചു. അങ്ങനെ സംസാരിച്ചു തുടങ്ങി, നല്ല സുഹൃത്തുക്കളായി. അന്ന് എനിക്ക് നേരെ എന്തെങ്കിലും സൈബര്‍ അറ്റാക്കകുകളും കമന്റുകളുമൊക്കെ വരുമ്പോള്‍ ചില സുഹൃത്തുക്കളെ ഞാന്‍ വിളിക്കുമായിരുന്നു. അതിലൊരാളായി ജെറിനും. അപ്പോള്‍ അവന്‍ എന്നെ വല്ലാതെ സപ്പോര്‍ട്ട് ചെയ്യും, ആശ്വസിപ്പിക്കും.

സൗഹൃദം പിന്നെ കല്യാണം കഴിച്ചാലോ എന്ന ആലോചനയില്‍ എത്തി. അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു സീരിയല്‍ ഡയലോഗ് ആണ് പറഞ്ഞത്, ‘നാല്‍പത് വയസ്സ് കഴിഞ്ഞിട്ടും നമ്മള്‍ രണ്ടു പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് രണ്ട് പേര്‍ക്കും വിവാഹം ചെയ്യാം’ എന്ന്. പക്ഷേ നാല്‍പത് വയസ്സുവരെ ഒന്നും കാത്തിരിക്കേണ്ടി വന്നില്ല, അതിന് മുന്‍പേ തന്ന അവന്‍ വീട്ടില്‍ വന്ന് പ്രപ്പോസ് ചെയ്തു.

എന്നെ സ്‌നേഹിക്കുന്ന, കെയര്‍ ചെയ്യുന്ന ആള്‍ വേണം എന്നായിരുന്നു എന്റെ ആഗ്രഹം. ജെറിന്‍ അങ്ങനെയാണ്. ബാഗ്ലൂരിലെ ജോലി വിട്ട് ജെറിന്‍ നാട്ടിലേക്ക് എത്തി. ഇപ്പോള്‍ ഞങ്ങള്‍ പാട്ടും പച്ചക്കറിയും യാത്രകളും ഒക്കെയായി ജീവിതം ആസ്വദിക്കുകയാണ്. രണ്ട് ഫാമിലിയും ഹാപ്പി. ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ടവരാണ്, പക്ഷെ ആ വേര്‍തിരിവൊന്നും ഇല്ല. എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് വിശ്വാസം. അങ്ങനെ ഹാപ്പിയായി പോകുന്നു