ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ കാർ മെ‍ഡിക്കൽ കോളേജിലെ ഡോക്ടറുടേത്, അപകടത്തിനുശേഷം കാർ പൊളിച്ചു വിറ്റ് തെളിവ് നശിപ്പിക്കാൻ ശ്രമം

മലപ്പുറം: കുറ്റിപ്പാലത്ത് നവംബർ 27നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ പാലത്തിനുമുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോയി.

അപകടത്തിൽ ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് (22) മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.

അന്വേഷണത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറുടേതാണ് കാർ എന്ന് കണ്ടെത്തി. അപകടത്തിനുശേഷം പൊളിച്ചു വിൽപന നടത്താൻ തൃശൂരിലെ കടയിലെത്തിച്ച കാർ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറും കോഴിക്കോട് സ്വദേശി ഡോ.ബിജു ജോർജിനെതിരെ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്. ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്നാണ് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽപെട്ടശേഷം നിർത്താതെ പോയ കാർ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയിൽ പൊളിച്ചുവിൽക്കാനായി ഏൽപിക്കുകയായിരുന്നു. കാർ പൊളിക്കാൻ പിന്നീട് തൃശൂർ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാർ പൊളിച്ചുവിൽക്കാൻ ഡോക്ടർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.