ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ വേദിയില്‍ കയറി കരണത്തടിച്ചേനെ, ചാക്കോച്ചനെ കണ്ടു പഠിക്കടോ- മനോജ് രാംസിം​ഗ്

നടൻ അലൻസിയര്‍ക്കെതിരെ വിമര്‍ശനവുമായി സിനിമാ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തിരക്കഥാകൃത്ത് മനോജ് രാംസിംഗിന്റെ കുറിപ്പാണ്. അവിടെ ഉണ്ടായിരുന്നെങ്കില്‍ വേദിയില്‍ കയറി അലൻസിയറിന്റെ തരണത്തടിക്കുമായിരുന്നു എന്നാണ് മനോജ് കുറിച്ചത്.

മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു… ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ… ഷെയിം ഓണ്‍യു അലന്‍സിയര്‍… ആ ചാക്കോച്ചനെയൊക്കെ കണ്ടു് പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ..- മനോജ് രാംസിംഗ് കുറിച്ചു.

പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും കരുത്തുള്ള ആണ്‍പ്രതിമ നല്‍കണം എന്നുമാണ് അലൻസിയര്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ പറഞ്ഞത്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരമാണ് അലൻസിയറിന് ലഭിച്ചത്. ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മനോജ് റാംസിങ്, ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം തുടങ്ങിയ സിനിമമേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. അതിനിടെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് അലൻസിയര്‍ വ്യക്തമാക്കിയത്.