റബറിന് 250 രൂപയാക്കിയാൽ എൽ.ഡി.എഫിനൊപ്പം,300 ആക്കിയാൽ കേന്ദ്രത്തിനൊപ്പം, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ കർഷകന് നൽകാനുള്ളത് നൽകിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാറുകൾ മാറണം. റബറിന് 250 രൂപയാക്കിയാൽ എൽ.ഡി.എഫനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകന് ഇനിമേൽ രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തോട് നമ്മൾ നേരത്തെ ആവശ്യപ്പെട്ട 300 രൂപ തന്നാൽ അവർക്കായിരിക്കും വോട്ട്. കോൺഗ്രസുകാർ സഹായിച്ചാൽ അവർക്കൊപ്പം നിൽക്കും. കാർഷികകടങ്ങൾ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ ഇതിന്റെ പത്തിലൊന്നുപോലും വേണ്ട -ആർച്ച് ബിഷപ്പ് പറഞ്ഞു.

‘റബറിന് 300 രൂപ വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ വലിയ വിഷമമായി പോയല്ലോ. വേണ്ട, 50 കുറക്കാം. നിങ്ങൾ പറഞ്ഞ 250 തന്നാൽ മതി. തരുമെങ്കിൽ നിങ്ങളുടെ ഈ യാത്ര ഐതിഹാസിക യാത്രയാണ്. അല്ലെങ്കിൽ ഈ യാത്രകൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുമ്പ് അങ്ങ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല. ഒരു പ്രഖ്യാപനം ഞങ്ങൾ കാതോർത്തിരിക്കുകയാണ്. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, മുഖ്യമന്ത്രി നെഞ്ചിൽ കൈവെച്ച് പറയണം, അല്ലയോ കർഷകരെ നിങ്ങൾക്ക് ഞാനാണ് വാഗ്ദാനം ചെയ്തത്, റബറിന് 250 രൂപ വിലതരുമെന്ന്, നിങ്ങൾക്കും ഞങ്ങൾ വോട്ടുതരാൻ തയാറാണ്’- മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ജീവിക്കാനുള്ള നിലവിളിയാണ് കാർഷികമേഖലയിൽനിന്ന് ഉയരുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ജോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആമുഖഭാഷണം നടത്തി. തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചകുന്നേൽ വിഷയാവതരണം നടത്തി. അതിരൂപതാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ., രാജീവ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് കാവനാടി, പ്രൊഫ. ജോബി കാക്കശ്ശേരി, ബെന്നി മാത്യു, ബെന്നി പുതിയാമ്പുറം, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ എന്നിവർ സംസാരിച്ചു.