‘മരക്കാർ’ പുറത്തിറങ്ങാൻ ഇനി ഏഴ് ദിവസം കൂടി, ആവേശം പകർന്ന് ടീസർ

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയണപ്രവർത്തകർ. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. ഡിസംബർ രണ്ടിന് തീയേറ്ററിൽ റിലീസിന് എത്താനിരിക്കെയാണ് പുതിയ ടീസർ പുറത്തിറക്കിയിരിക്കുന്നത്. യുദ്ധരംഗങ്ങളും സംഘട്ടനങ്ങളുംകൊണ്ട് നിറഞ്ഞതാണ് ടീസർ.

മോഹൻലാലിന്റേയും പ്രിയദർശന്റേയും സ്വപ്‌ന പ്രൊജക്ടാണ് മരക്കാർ. മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങിയ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്. റോയ് സി ജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് സഹനിര്‍മ്മാണം. പ്രിയദര്‍ശനൊപ്പം അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോണി റാഫേലാണ് സംഗീതം. അയ്യപ്പന്‍ നായര്‍ എംഎസ് ആണ് എഡിറ്റിംഗ്.

കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം മലയാളത്തിനുപുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. നൂറുകോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുൺലൈറ്റ് എന്റർടെയിൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.