വിവാഹിതയായ യുവതി കാമുകനൊപ്പം മുങ്ങിയത് കുട്ടിയുമായി, ഒടുവില്‍ പിടിയിലായത് ഇങ്ങനെ

വൈക്കം: കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെയും രണ്ടര വയസുള്ള കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി. വൈക്കം കിഴക്കേനട സ്വദേശിനിയായ 23കാരിയെയും കുഞ്ഞിനെയുമാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴയില്‍ കാമുകനായ യുവാവിനൊപ്പം കണ്ടെത്തിയത്. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ഇരുവരെയും കണ്ടെത്തുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

യുവതി നേരത്തെ കൊല്ലം സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഭര്‍ത്താവുമായി യുവതി പിരിഞ്ഞു കഴിഞ്ഞ് വരികയായിരുന്നു. സ്വന്തം വീട്ടില്‍ മാതാവിനും സഹോദരനോടും ഒപ്പമായിരുന്നു യുവതിയും കുഞ്ഞും കഴിഞ്ഞിരുന്നത്.

ഇതിനിടെ യുവതി കുറച്ച് ദിവസങ്ങളായി ഫോണില്‍ നിരന്തരം ചാറ്റ് ചെയ്യുകയും ദീര്‍ഘനേരം ഫോണ്‍ ചെയ്യുകയും ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ശകാരിക്കുകയും ചെയ്തു. പിന്നാലെ യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. കാമുകനൊപ്പം യുവതി കുഞ്ഞിനെയും കൂട്ടി പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.