സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ബയോ ബിന്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേട്

തിരുവനന്തപുരം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ ബയോബിന്‍ വാങ്ങുന്നതില്‍ വന്‍ക്രമക്കേട്. ശുചിത്വമിഷന്‍ അംഗീകരിച്ച കമ്പനികളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്കാണ് പല തദ്ദേശ സ്ഥാപനങ്ങളും ബയോ ബിന്‍ വാങ്ങുന്നത്. ഒരു ജില്ലയില്‍ തന്നെ പല തദ്ദേശ സ്ഥാപനങ്ങളിലും പലവിലയ്ക്കാണ് ഇതിന്റെ വില്‍പന. വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനായി ഉപയോഗിക്കുന്ന ശാസ്ത്രീയ ഘടനയുള്ള മൂന്ന് പ്ലാസ്റ്റിക് ബക്കറ്റുകളാണിത്.

ഇത് തദ്ദേശ സ്ഥാപനങ്ങള്‍ മൊത്തമായി വാങ്ങിയ ശേഷം നാമമാത്രമായി വിലയ്ക്കാണ് വിതരണം ചെയ്യുന്നത്. ടെന്‍ഡറുകളിലൂടെ 1000 രൂപംമുതല്‍ ബയോ ബിന്നുകള്‍ ലഭിക്കുമെങ്കിലും 1800 രൂപ വരെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുടക്കുന്നത്. ശുചിത്വ മിഷന്‍ എം പാനല്‍ ചെയ്ത കമ്പനികളില്‍ നിന്നും ടെന്‍ഡറില്ലാതെ ബയോ ബിന്നുകള്‍ വാങ്ങാന്‍ തദ്ദേശ വകുപ്പിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു തദ്ദേശ സ്ഥാപനം തന്നെ വര്‍ഷത്തില്‍ 10000 ബയോ ബിന്നുകള്‍ വാങ്ങുന്നു. ഇത്തരത്തില്‍ കോടികളാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്.

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ബയോ ബിന്നുകള്‍ വാങ്ങുന്നതിന് 1095 രൂപ വിലയിടുമ്പോള്‍. ഐആര്‍ടിസി പോലുള്ള സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ ഇല്ലാതെ 1800 രൂപയ്ക്ക് കരാര്‍ എടുക്കുന്നു. തൊട്ടടുത്തുള്ള രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിലകളില്‍ ബയോ ബിന്നുകള്‍ വില്‍ക്കുന്നു എന്ന വിചിത്ര അവസ്ഥയും നിലവിലുണ്ട്. തൃക്കാക്കരയില്‍ 1800 രൂപയ്ക്ക് വാങ്ങുന്ന ബയോ ബിന്നുകള്‍ ഏലൂരില്‍ എത്തുമ്പോള്‍ 1900 ആയി ഉയരുന്നു.