ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മേയർക്ക് ഒപ്പമുണ്ടായിരുന്നു.

കെഎസ്ആർടിസി ഡ്രൈവർ യദു എൽഎച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കാർ ബസിന് കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറും പൊലീസിന് പരാതി നൽകി. ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.