കേന്ദ്ര മന്ത്രിമാരുടെ യോഗം ചേർന്നു, യോഗത്തിൽ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി

ന്യൂഡല്‍ഹി. കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹി പ്രഗതി മൈതാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടന്നത്. യോഗത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനവും വകുപ്പുകളുടെ പ്രവര്‍ത്തനവും വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിച്ചു.

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് പുതിയതായി എന്‍ഡിഎയില്‍ എത്തിയ എന്‍സിപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കും മന്ത്രിമാരെ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് പദവിയും സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് വിവരം.

അതേസമയം നിലവിലെ കേരത്തില്‍ നിന്നുള്ള മന്ത്രിയായ വി മുരളീധരന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങി എത്തുമെന്നാണ് വിവരം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേതൃത്വമാറ്റത്തിനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് മൂന്ന് മേഖല യോഗങ്ങള്‍ നടത്തും.