മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു, ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പം ചേരുമെന്ന് അഭ്യൂഹം

മുംബൈ : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്ന കാര്യം ദേവ്‌റ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.

‘എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണ് ഇന്ന്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഞാന്‍ രാജിവെച്ചു. ഇതോടെ എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. വര്‍ഷങ്ങളായി നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നു.’ -മിലിന്ദ് എക്‌സില്‍ കുറിച്ചു.

ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പം ദേവ്‌റ ചേരുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇൻഡി മുന്നണിയുടെ സീറ്റ് വിഭജന ചർച്ചയ്‌ക്ക് മുന്നോടിയായി ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ മിലിന്ദ് ദേവ്റ ഉന്നയിച്ചിരുന്നു.