കപ്പല്‍ശാലയിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അയച്ചു നല്‍കിയ കേസില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

കൊച്ചി. കരാര്‍ ജീവനക്കാരന്‍ നിര്‍മാണത്തിലിരുന്ന കപ്പലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചി നല്‍കിയ സംഭവത്തില്‍ അന്വേഷണം. ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജന്‍സാണ് അന്വേഷണം നടത്തുക. അതേസമയം രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ നേവി ഇന്റലിജന്‍സും സമാന്തര അന്വേഷണം നടത്തും. അതീവ സുരക്ഷ മേഖലയിലാണ് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് വലിയ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

അതേസമയം ചിത്രങ്ങള്‍ പകര്‍ത്തിയത് കപ്പല്‍ശാലയിലെ ഇലക്ട്രോണിക് വിഭാഗത്തിലെ കരാര്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി ശ്രീനീഷ് പൂക്കോടനാണ്. ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശ്രീനീഷ് ചിത്രങ്ങള്‍ അയച്ച് നല്‍കിയത് പാക് സ്വദേശിയായ എയ്ഞ്ചല്‍ പായല്‍ എന്ന സ്ത്രീയ്ക്കാണെന്നാണ് വിവരം. ഇവരുമായി പ്രതി പലവട്ടം ചാറ്റ് നടത്തിയതായിട്ടും റിപ്പോര്‍ട്ടുണ്ട്.

ഡീലീറ്റ് ചെയ്ത സന്ദേശങ്ങളും അയച്ചുകൊടുത്ത ചിത്രങ്ങളും കണ്ടെത്താന്‍ സൈബര്‍ പോലീസ് ശ്രമം ആരംഭിച്ചു. അതേസമയം പ്രതി കപ്പല്‍ ശാലയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നിലവില്‍ റിമാന്‍ഡിലാണ്.