പൊതുമരാമത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം. പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിനായി നല്‍കിയ സംഭവത്തില്‍ ഇടപെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുവാന്‍ മന്ത്രി ആവശ്യപ്പെട്ടു. പാര്‍ക്കിങ്ങിന് റോഡ് വിട്ട് നല്‍കിയ സംഭവം വലിയ വിവാദം ആയിരുന്നു.

സര്‍ക്കാരിന് പോലും റോഡ് പാര്‍ക്കിങ്ങിന് നല്‍കുവാന്‍ അധികാരം ഇല്ലാത്തപ്പോഴാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ആര്യ രാജേന്ദ്രന്റെ വഴിവിട്ട നീക്കം. പ്രതിമാസം സ്വകാര്യ ഹോട്ടല്‍ ഉടമുടെ പക്കല്‍ നിന്നും 5000 രൂപ ഈടാക്കിയാണ് പാര്‍ക്കിങ്ങ് അനുവധിച്ചത്. ഇത്തരത്തില്‍ പൊതുമരാമത്ത് റോഡ് വാടകയ്ക്ക് നല്‍കിയതോടെ ഹോട്ടല്‍ ഉടമകള്‍ മറ്റ് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

മുമ്പ് 10 രൂപ ഈടാക്കി കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിച്ചിരുന്ന സ്ഥലമാണിത്. എംജി റോഡില്‍ ആയുര്‍വേദ കോളേജിന് എതര്‍വശത്താണ് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതിയതായി ആരംഭിച്ച സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിങ്ങ് അനുവദിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനായി ഹോട്ടല്‍ ഉടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയും 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പു വച്ചു.

അതേസമയം റോഡ് സുരക്ഷ നീയമപ്രകാരം പൊതു വഴി ഇത്തരത്തില്‍ പാര്‍ക്കിങ്ങിന് കൊടുക്കുവാന്‍ സര്‍ക്കാരിന് പോലും അധികാരം ഇല്ലന്നിരിക്കെയാണ് ആര്യ രാജേന്ദ്രന്റെ വഴിവിട്ട നീക്കം. ഈ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ഹോട്ടല്‍ ജീവനക്കാര്‍ തടയുവാന്‍ ശ്രമിച്ചതോടെ വലിയ തര്‍ക്കത്തിലേക്കും സംഭവം എത്തിയിരിക്കുകയാണ്. അതേസമയം കോര്‍പ്പറേഷന്‍ തീരുമാനത്തിനെതിരെ ശക്തമായ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബിജെപി.