ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡില്‍ ഗര്‍ത്തം; ഒരാള്‍ക്ക് സുഖമായി ഇറങ്ങാം

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് റോഡ് നിര്‍മ്മാണത്തിലും റോഡിന്റെ അറ്റകുറ്റപ്പണികള്‍ ക്രത്യമായി നടത്താത്തതിന്റെ പേരിലുമാണ്. കോടതിയില്‍ നിന്ന് അടക്കം സര്‍ക്കാരിന് വലിയ വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. കാട്ടാക്കട നെയ്യാര്‍ ഡാം റോഡാണ് തകര്‍ന്നത്.

റോഡില്‍ വീരണക്കാനവ് പാലത്തിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഒരാള്‍ക്ക് നിസാരമായി ഇറങ്ങുവാന്‍ കഴിയുന്ന അത്ര വലുപ്പത്തിലും ആഴത്തിലുമാണ് ഗര്‍ത്തം രൂപപ്പെട്ടത്. റോഡ് നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പും മന്ത്രിയും നിരന്തരം പഴികേള്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. പൈപ്പ് ലെയിനായി വെട്ടിപ്പൊളിച്ച റോഡ് അശാസ്ത്രീയമായി മൂടിയതും പൊതുമരാമത്ത് വകുപ്പ് അത് പരിശോധിക്കാതെ റോഡ് നിര്‍മ്മിച്ചതുമാണ് ഇപ്പോള്‍ ഗര്‍ത്തം രൂപപ്പെടുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വര്‍ഷങ്ങളായി ഈ റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് റോഡ് വീണ്ടും ടാറിങ് നടത്തിയത്. ഇതാണിപ്പോള്‍ വീണ്ടും തകര്‍ന്നത്. കുറ്റമറ്റ രീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയുമ്പോഴാണ് പുതിയ വിവാദം ഉയരുന്നത്. ഒരാള്‍ക്ക് ഗര്‍ത്തത്തില്‍ ഇറങ്ങി നില്‍ക്കുവാന്‍ സാധിക്കും. ഇതില്‍ വഴി കടന്ന് പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴുവാന്‍ ഉള്ള സാധ്യത കൂടുതലാണ്.