സോളാർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം. സോളാര്‍ കേസിലെ പരാതിക്കാരിയും വക്കീലും അയല്‍ക്കാരാണെന്നും കൂടുക്കാഴ്ച നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വെളുപ്പെടുത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞ് വ്യക്തിഹത്യനടത്താനും വിഴുപ്പലക്കാനും ഇല്ലെന്ന് സജി ചെറിയാന്‍ പറയുന്നു.

സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളെ വിട്ടവരോട് പറയുക. വെറുതെ ഇത് തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകും. എന്റെ നാട്ടുകാരനായ വക്കീൽ എന്റെ അയൽക്കാരി ഇവർ എന്റെ അടുത്തേക്ക് വരുന്നതിനും അവരുടെ അടുത്തേക്ക് തനിക്ക് പോകുന്നതിനവും തടസ്സമുണ്ടോ എന്ന് മന്ത്രി ചോദിച്ചു.

അതേസമയം താൻ സോളാർ കേസിന് പിന്നീൽ ഗൂഢാലോചനയുണ്ടെന്ന് പണ്ടും പറഞ്ഞിരുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. നുണകൾ ആവർത്തിച്ച് ആഘോഷിക്കപ്പെട്ടപ്പോൾ വേദനയുണ്ടായി. എന്നാൽ സത്യം മറനീക്കി പുറത്തുവന്നപ്പോൾ സന്തോഷമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

ചെയ്യാത്ത കാര്യത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടപ്പോൾ സത്യം മറനീക്കി പുറത്തുവരുമെന്ന് അറിയാമായിരുന്നു. ഇപ്പോൾ സത്യം മറനീക്കി പുറത്തുവന്നു. സത്യം ജനങ്ങൾ മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അന്വേഷണം വേണമെങ്കിൽ നടത്താമെന്ന് സഭയിൽ മുഖ്യമന്ത്രി പറഞ്ഞു. അതാണ് വിഷയത്തിൽ സർക്കാരിന്റെ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി.