മുണ്ടന്‍പാറയില്‍ റോഡില്‍ രൂപപ്പെട്ട വിള്ളല്‍ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട. മുണ്ടന്‍പാറയില്‍ റോഡില്‍ രൂപപ്പെട്ട വിള്ളല്‍ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. അതേസമയം സ്ഥലത്ത് എത്തിയ മന്ത്രി സമീപ പ്രദേശത്ത് വിള്ളല്‍ കണ്ടെത്തിയ വീടുകള്‍ സന്ദര്‍ശിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

എല്ലാ ജനങ്ങളും ഉരുള്‍പൊട്ടല്‍ ഉണ്ടാകുവാന്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുന്നിന്റെ ചെരുവിലാണ് ഈ പ്രദേശങ്ങള്‍ ഉള്ളതെന്നും ഇപ്പോള്‍തന്നെ പല പ്രശ്‌നങ്ങളും ഈ പ്രദേശത്തെക്കുറിച്ച് പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രദേശവാസികള്‍ ബന്ധുവീടുകളിലേക്കോ അല്ലെങ്കില്‍ ക്യാപുകളിലേക്കോ മാറിതാമസിക്കണം. പ്രദേശത്തെ കിണറുകളില്‍ ഓഴിക്ക് ഉണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് പരിശോധിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി സന്ദര്‍ശനം നടത്തിയ റോഡിന്റെ സമീപത്ത് വിള്ളല്‍ കണ്ടെത്തിയ വീട്ടില്‍ മന്ത്രി എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മന്ത്രിയെ കാത്ത് വീട്ടുകാര്‍ നിന്നെങ്കിലും മന്ത്രി റോഡ് കണ്ടതിന് ശേഷം തിരിച്ച് പോകുകയായിരുന്നു.