രാജ്യത്തെ കോവിഡ് കേസുകള്‍ മുഴുവൻ കണ്ടെത്താനായില്ലെന്ന് വരാം; ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കോവിഡ് കേസുകള്‍ മുഴുവൻ ചിലപ്പോൾ കണ്ടെത്താനായില്ലെന്ന് വരാം. എന്നാൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ ഒരു വീഴ്ചയും വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എട്ടു സംസ്ഥാനങ്ങളിൽ യഥാർഥ മരണങ്ങൾ കുറച്ചു കാണിച്ചുകൊണ്ടുളള റിപ്പോർട്ടാണ് പുറത്തുവിടുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് തളളിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഒപ്പം സംസ്ഥാനങ്ങളോട് ആശുപത്രികളിൽ സമഗ്രമായ ഓഡിറ്റ് നടത്താനും ജില്ല, തീയതി തിരിച്ച് ഏതെങ്കിലും മരണങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

‘പകർച്ചവ്യാധിയുടെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും മാനദണ്ഡങ്ങൾ കാരണം ചിലപ്പോൾ കോവിഡ് 19 കേസുകൾ കണ്ടെത്താനായില്ലെന്ന് വരാം. എന്നാൽ കരുത്തുറ്റതും ചട്ടങ്ങൾ അടിസ്ഥാനമാക്കിയുളള ഇന്ത്യയിലെ മരണ രജിസ്ട്രേഷൻ കാരണം കോവിഡ് മരണങ്ങൾ കണക്കിൽ പെടാതെ പോകുന്നത് അസംഭവ്യമാണ്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്താകമാനമുളള ആരോഗ്യമേഖല ചികിത്സാ സഹായം ആവശ്യമുളള കേസുകൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ രേഖപ്പെടുത്തുന്നതോ വൈകിയേക്കാം. പക്ഷേ അത് പിന്നീട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശരിയാക്കിയിട്ടുണ്ട്, അതിപ്പോഴും തുടരുകയാണ്. ആരോപണങ്ങൾ വെറും ഊഹാപോഹമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.