വീടുവിട്ടിറങ്ങിയ 14-കാരിയെ പീഡിപ്പിച്ചു, കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് : അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 14-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കുന്ദമംഗലത്താണ് സംഭവം. കൊടുവള്ളി സ്വദേശി അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

പതിനാലുകാരിയെ ഇയാൾ തന്ത്രപൂർവ്വം കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വെളളിയാഴ്ച കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പെൺകുട്ടിയെ അജ്മൽ അടുപ്പം കാണിച്ച് മുക്കത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പീഡനത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ മുക്കത്തുതന്നെ ഉപേക്ഷിക്കുകയും ചെയ്തു.

എന്നാൽ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അവശയായ നിലയിൽ മുക്കത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.