ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല- മോഹന്‍ ഭാഗവത്.

ന്യൂദല്‍ഹി. ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ലെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യന്‍ ദേശീയത എന്ന ആശയം മറ്റൊരു രാജ്യത്തിനും ഒരു ഭീഷണിയല്ല. ഇന്ത്യന്‍ ദേശീയത എന്ന ആശയം ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ മുന്നോട്ട് വെക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല. ലോകം ഒരു കുടുംബമാണെന്ന് (വസുധൈവ കുടുംബകം) നമ്മുടെ ദേശീയത നിര്‍ദേശിക്കുന്നു – മോഹന്‍ ഭാഗവത് പറഞ്ഞു. സങ്കല്‍പ് ഫൗണ്ടേഷനും ഒരു കൂട്ടം മുന്‍ ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ലോകം ഒരു കുടുംബമാണെന്ന ആശയം ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഈ വികാരം വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല. അഥവാ ഇനി ആരെങ്കിലും ഉണ്ടായാല്‍ രാജ്യത്തെ ജനങ്ങള്‍ അവനെ താഴെയിറക്കും. എല്ലാവരും ലോക വിപണിയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യ മാത്രം ‘വസുധൈവ കുടുംബക’ത്തെ കുറിച്ച് സംസാരിക്കുന്നു – ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തെ ഒരു കുടുംബമാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ദേശീയത എന്ന ആശയം ദേശീയതയുടെ മറ്റ് സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അത് ഒന്നുകില്‍ മതത്തിലോ ഒരു ഭാഷയിലോ ആളുകളുടെ പൊതു താല്‍പ്പര്യത്തിലോ അധിഷ്ഠിതമാണ്. ഈ ഭൂമി ഭക്ഷണവും വെള്ളവും മാത്രമല്ല, മൂല്യങ്ങളും നല്‍കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ ഭാരത് മാതാ എന്ന് വിളിക്കുന്നത്. പുരാതന കാലം മുതൽ തന്നെ ഇന്ത്യയുടെ ദേശീയത എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണ്. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ദൈവാരാധന രീതികളും സ്വാഭാവികമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആര്‍ എസ് എസ് പിന്തുണയുള്ള പരിശീലന അക്കാദമിയാണ് സങ്കല്‍പ് ഫൗണ്ടേഷന്‍. ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉപദേശകരില്‍ ഒരാളാണ്. സങ്കല്‍പ് ഫൗണ്ടേഷന്‍ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും 36 വര്‍ഷമായി അവരുടെ പഠനത്തില്‍ അവരെ സഹായിക്കുകയും ചെയ്യുന്നു എന്നും അയോധ്യ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര പറഞ്ഞു.