ഒന്നര വർഷം മുമ്പ് മരിച്ച മകന്റെ മൃതദേഹം സംസ്കരിക്കാതെ കുടുംബം

ഒന്നര വർഷം മുമ്പ് മരിച്ച മകൻ കോമയിലാണെന്ന് പറഞ്ഞു സംസ്കരിക്കാതെ കുടുംബം. നാട്ടുകാർ ഇടപെട്ടിട്ടും മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ അനുവദിക്കുന്നില്ല. മകൻ മരിച്ചിട്ട് ഒന്നര വർഷമായിട്ടും മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് കുടുംബം. ഉത്തർപ്രദേശിലെ കാൺപൂരിന് സമീപം റോഷൻ നഗറിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഒന്നര വർഷം മുമ്പ് മരിച്ച വിംലേഷിന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിംലേഷ് മരിച്ചിട്ടില്ലെന്നും കോമയിലാണെന്നാണ് കുടുംബാംഗങ്ങൾ അവകാശപ്പെട്ടിരുന്നത്.

ഒന്നരവർഷം മുമ്പ് മരിച്ചയാളുടെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കുക യാണെന്ന് വിവരം ലഭിച്ചതോടെ അധികൃതർ വീട്ടിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും പോലീസും വീട്ടിലെത്തുന്നത്. ഇവർ മൃതദേഹം പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് അയച്ചു. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ഇൻകം ടാക്‌സ് വകുപ്പിൽ ജോലി ചെയ്യുകയായിരുന്ന വിംലേഷിനെ 2021 ഏപ്രിലിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംസ്‌കാര ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നതിനിടയിൽ വിംലേഷിന് അനക്കമുണ്ടെന്ന് ചിലർ പറഞ്ഞു. തുടർന്ന് ഒന്നര വർഷത്തോളം വീട്ടിനുള്ളിലെ കട്ടിലിൽ മൃതദേഹം സൂക്ഷിച്ചു വെച്ചു. കോമയിലാണെന്നാണ് നാട്ടുകാരോട് ഇവർ ഇതേപ്പറ്റി പറഞ്ഞിരുന്നത്. അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോഴും മകൻ മരിച്ചിട്ടില്ലെന്നും കോമയിലാണെന്നുമാണ വിംലേഷിന്റെ പിതാവ് പറയുന്നത്.