പുനീത് മലയാളികൾക്ക് പ്രീയങ്കരനായത് മോഹൻലാൽ ചിത്രത്തിലൂടെ

പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ഹൃദയാഘാത0 മൂലം അന്തരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. 46 വയസ്സായിരുന്നു. ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.

പുനീത് കേരളത്തിൽ വാർത്തയായത് മോഹൻലാലുമായി ബന്ധപ്പെട്ടാണ്. ലാലേട്ടൻ അഭിനയിച്ച കന്നഡ ചിത്രം ‘മൈത്രി’യിപുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും. ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ‘മൈത്രി’ 2015 ൽ ആണ് റിലീസായത്. പുനീത് രാജ് കുമാറായിത്തന്നയെയാണ് പുനീത് ചിത്രത്തിൽ അതിഥി താരമായത്. ചിത്രം ചർച്ചയാകുകയും ചെയ്തു. രാജ് കുമാറിന്റെ കുടുംബവുമായി മോഹൻലാലിന് അടുത്ത സൗഹൃദമുണ്ട്. മുൻപ് തന്റെ ഓർമക്കുറിപ്പിൽ ലാലേട്ടൻ അതെഴുതിയതുമാണ്.

മോഹൻലാൽ പുനീതിനെ ഓർത്തിങ്ങനെ,‘ഒരുപാട് വർഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.’

വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ 11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്.

കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം