സുധാകരനെതിരെ പോക്‌സോ കേസില്‍ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചു, മോന്‍സന്‍ കോടതിയില്‍

കൊച്ചി: പോക്‌സോ കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു. കേസിൽ കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സമ്മര്‍ദം ചെലുത്തി. പീഡനം നടന്ന സമയത്ത് കെ. സുധകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കാന്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും മോന്‍സന്‍ കോടതിയില്‍ പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ച കേസ് പരി​ഗണിച്ചത്. കൂടാതെ അനൂപില്‍ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൺ പറയുകയുണ്ടായി. ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്‍കാന്‍ കോടതി നിർദേശം നൽകി.

സുധാകരനെതിരെ മൊഴി നൽകുന്നതിനായി തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും മോൻസൺ പറഞ്ഞു. തന്റെ ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിക്കുകയും, അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ പറഞ്ഞു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.