തൂക്കുപാലം ദുരന്തം; യുവാക്കള്‍ പാലം ശക്തമായി കുലുക്കിയെന്ന് രക്ഷപെട്ടവര്‍, മരണം 133 കടന്നു

ഗാന്ധിനഗര്‍: മോർബി തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 133 കടന്നു. ദുരന്തത്തില്‍ നിര്‍ണായകവെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. ചില യുവാക്കള്‍ അതിശക്തമായി പാലം പിടിച്ച് കുലുക്കിയാണ് അപകടത്തിന് കാരണമെന്ന് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി പറഞ്ഞു. അദ്ദേഹം ഞായറാഴ്ച വൈകിട്ടാണ് ദീപാവലി അവധി ആഘോഷിക്കാനായി ഗോസ്വാമി കുടുംബത്തോടൊപ്പം തൂക്കുപാലത്തിലെത്തിയത്. പാലത്തിന്റെ മധ്യഭാഗത്തെത്താറായപ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ പാലം പിടിച്ചുകുലുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. യുവാക്കളുടെ ചെയ്തികള്‍ പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ അവഗണിച്ചെന്ന് ഗോസ്വാമി പറഞ്ഞു.

പാലത്തില്‍ തുടരുന്നത് അപകടമാണെന്ന് മനസിലാക്കി താനും കുടുംബവും തിരിച്ചിറങ്ങുകയായിരുന്നു. അധികംവൈകാതെ പാലം തകര്‍ന്നു വീഴുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. ഏഴു മാസം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അഞ്ചുദിവസം മുന്‍പാണ് പാലം തുറന്നുകൊടുത്തത്. ദീപാവലി അവധിയായതിനാല്‍ ഒട്ടേറെ കുട്ടികളും പാലത്തിലെത്തിയിരുന്നു. പൊട്ടിവീഴുമ്പോള്‍ പാലത്തില്‍ മുന്നൂറിലധികം ആളുകള്‍ ഉണ്ടായിരുന്നു. പാലം തകര്‍ന്നയുടന്‍ എല്ലാവരും വെള്ളത്തിലേക്ക് തെറിച്ചു വീണു. തിരക്ക് നിയന്ത്രിക്കാത്തതാണ് പാലം തകരാന്‍ കാരണമെന്നാണ് ആരോപണം.