അശ്വിനില്‍ നടത്തിയത് ഷാരോണിനെ കൊല്ലുന്നതിനുള്ള പരീക്ഷണമോ?

തിരുവനന്തപുരം. ഷാരോണിന്റെ മരണത്തിന് പിന്നില്‍ കാമുകി ഗ്രീഷ്മയാണെന്ന് വ്യക്തമായതോടെ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്റെ മരണത്തിലെ പ്രതികളെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആസിഡിന് സമാനമായ വസ്തു ഉള്ളില്‍ ചെന്നാണ് അശ്വിന്റെ മരണം. ഷാരോണിനെ കൊല്ലുന്നതിന് മുമ്പ് പരീക്ഷണം നടത്തിയതാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. സ്‌കൂളില്‍ വെച്ച് ശീതളപാനിയം കുടിച്ചുവെന്നും ശേഷം രോഗലക്ഷണം കണ്ടുവെന്നും അശ്വിന്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ആരാണ് പാനിയം കുട്ടിക്ക് നല്‍കിയെന്നതില്‍ വ്യക്തതയില്ല. യൂണിഫോം അണിഞ്ഞെത്തിയ പൊടിമീശക്കാരന്‍ ചേട്ടനാണ് ശീതളപാനിയം തന്നതെന്നാണ് അശ്വിന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ അത്തരമൊരു വ്യക്തിയെ കണ്ടെത്തിയിട്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ മുഴുവന്‍ നിരീക്ഷിച്ചെങ്കിലും ഈ ലക്ഷണം ഉള്ള ഒരു കുട്ടിയെ കണ്ടെത്തിയില്ല. ഗ്രീഷ്മ ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

കളിയിക്കാവിളയ്ക്ക് സമീപം മെതുക്കുമ്മല്‍ സ്വദേശിയാണ് അശ്വന്‍. ഷാരോണ്‍ കൊലപാതക കേസിലെ പ്രതിയായ ഗ്രീഷ്മ പഠിക്കുന്നത് തമിഴ്‌നാട്ടിലെ കോളേജിലാണ്. ഇതും സംശയത്തിന് ഇടനല്‍കുന്നു.

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഉണ്ടാകില്ല. ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിയത്.

അതേസമയം കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രീഷ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുവനാണ് പോലീസ് തീരുമാനം. കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുകയാണ്.