രണ്‍ജീത് വധക്കേസ്; കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലായേക്കും

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നു പൊലീസ്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ സക്കീര്‍ ഹുസൈനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതുവരെ 23 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചവര്‍ ഇനിയും അറസ്റ്റിലാകാന്‍ ഉണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ് .

കോടതിയില്‍ ഹാജരാക്കിയ സക്കീര്‍ ഹുസൈനെ റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ഗൂഡാലോചനയില്‍ പങ്കാളികളായ മറ്റുള്ളവരെക്കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. അതേ സമയം കേസില്‍ എസ്ഡിപിഐയുടെ ഉന്നത നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിലാണ് രണ്‍ജീത്തിന്റെ കൊലപാതകം നടന്നത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നിറങ്ങിയ രണ്‍ജീത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു