കുവൈറ്റില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു, വിവരം അറിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ ചങ്ക് പൊട്ടി അമ്മ നാട്ടില്‍ മരിച്ചു

കുവൈറ്റ്: കൊറോണ ലോകമാസകലം ഭീതി വിതയ്ക്കുകയാണ്. ഉറ്റവരും ഉടയവരും തമ്മില്‍ ഒരു നോക്ക് കാണാന്‍ പോലും ആകാത്ത അവസ്ഥ. പ്രവാസികളെയാണ് ഏറ്റവും അധികം കൊറോണ മൂലം ദുരിതം അനുഭവിക്കുന്നത്. നാട്ടിലുള്ള ഒരു ബന്ധു മരിച്ചാല്‍ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് എത്താന്‍ ആകില്ല. അതുപോലെ തന്നെയാണ് പ്രവാസ ലോകത്ത് ആരെങ്കിലും മരിച്ചാല്‍ നാട്ടിലുള്ള ഉറ്റവരുടെയും ഉടയവരുടെയും അവസ്ഥ. ഇപ്പോള്‍ പുറത്തെത്തുന്ന വിവരം ഏറെ സങ്കടപ്പെടുത്തുന്നതാണ്. 38കാരനായ മകന്‍ കുവൈറ്റില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മനോവിഷമം താങ്ങാനാവാതെ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി.

കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മാവേലിക്കര കൊല്ലകടവ് കടയലക്കാട് രജ്ജു സിറിയക് ആണ് രാവിലെ താമസ സ്ഥലമായ അബു ഖലീഫയിലെ ഫ്‌ലാറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരണ വിവരം അറിഞ്ഞ രഞ്ജുവിന്റെ മാതാവ് കുഞ്ഞുമോള്‍ സിറിയക് നാട്ടില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മൃതദേഹം പോലും നാട്ടില്‍ എത്തിക്കാന്‍ കഴിയില്ല.

കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ 2007 മുതല്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു രഞ്ജു. രാവിലെ ഭാര്യ ജീന ജോലിക്ക് പോയ ശേഷവും രഞ്ജു എഴുന്നേറ്റിരുന്നില്ല. തുടര്‍ന്ന് ഒമ്പത് മണിയോടെ അയല്‍ക്കാര്‍ വിളിച്ചപ്പോള്‍ ആണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ രഞ്ജു ജോലി ചെയ്യുന്ന അദാന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിവരം അറിഞ്ഞ് വൈകാതെ തന്നെ അമ്മയും പൊന്നുമോനോട് ഒപ്പം യാത്രയായി. മകന്റെ മരണ വിവരം അറിഞ്ഞ് മിനിറ്റുകള്‍ക്ക് ഉള്ളില്‍ ചെങ്ങന്നൂരിലെ വീട്ടില്‍ വെച്ച് മാതാവ് കുഞ്ഞുമോള്‍ കുഴഞ്ഞു വീണ് മരിക്കുക ആയിരുന്നു. ജീനയാണ് ഭാര്യ. ഇവാന്‍ജലിന്‍, എല്‍സ എന്നിവരാണ് മക്കള്‍ . ചര്‍ച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവ സഭയില്‍ അംഗമായിരുന്നു. ഇരുവരും അദാന്‍ ആശുപത്രിയിലായിരുന്നു നഴ്‌സുമാരായി ജോലി ചെയ്തിരുന്നത്. കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം കുവൈറ്റില്‍ തന്നെ നടത്താനാണ് ആലോചന നടക്കുന്നത്. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കും.