മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശമംഗീകരിച്ച് കേരളവും തമിഴ്‌നാടും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം കേരളവും തമിഴ്‌നാടും സമ്മതിച്ചു. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. 20ഓളം ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.