അമിത് ഷായുമായി കൂടിക്കാഴ്ച്ച ; അമരീന്ദര്‍ ഡല്‍ഹിയില്‍

ഡല്‍ഹി : പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നിര്‍ണ്ണായക കൂടിക്കാഴ്ചക്കായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തി . 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യ ചര്‍ച്ചകള്‍ക്കായാണ് ക്യാപ്റ്റന്‍ അമിത്ഷായെ കാണുന്നത്.

കര്‍ഷക സമരം ഒത്ത് തീര്‍ക്കാന്‍ വഴിതുറക്കുന്ന നിര്‍ണായക ചര്‍ച്ചയെന്നാണ് അമരീന്ദര്‍സിംഗിന്‍റെ ഓഫീസ് കൂടിക്കാഴ്ചയെ വിലയിരുത്തിയത് .അതെ സമയം പഞ്ചാബ് കോണ്‍ഗ്രസിന് വെല്ലുവിളിയായിട്ടാണ് അമരീന്ദര്‍സിംഗിന്‍റെ പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തിന് അമരീന്ദര്‍ ചരട് വലി തുടങ്ങിയിട്ടുണ്ട്. അതെ സമയം പഞ്ചാബില്‍ ചുവടുറപ്പിക്കാന്‍ അമരീന്ദര്‍ സിംഗിനെ ചൂണ്ടയാക്കാമെന്നാണ് ബിജെപിയും കണക്ക് കുട്ടുന്നത് .

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക സമരം തീര്‍ത്താല്‍ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി സെപ്റ്റംബറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്. കര്‍ഷക സമരം തീര്‍പ്പായാല്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പിന്നാലെ അമരീന്ദര്‍ സിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേ സമയം പഞ്ചാബില്‍ നടന്ന പാര്‍ട്ടി സര്‍ക്കാര്‍ പുനസംഘടനകളില്‍ കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇവരില്‍ ചിലര്‍ ക്യാപ്റ്റനോടൊപ്പം ചേരുമെന്നാണ് സൂചന.