മുല്ലപ്പെരിയാർ ഡാം കേരളവും തമിഴ്നാടും തമ്മിൽ യോജിപ്പില്ലാതെ വന്നതോടെ കേസ് പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി

ഡൽഹി ∙ മുല്ലപ്പെരിയാർ ഡാം മേൽനോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും തമിഴ്നാടും തമ്മിൽ യോജിപ്പില്ലാതെ വന്നതോടെ കേസ് പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി. വിഷയത്തിന്റെ സങ്കീർണതയെക്കുറിച്ചു ധാരണയുണ്ടെന്നു നിരീക്ഷിച്ച കോടതി, ഹർജി പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചു.

ഇന്നലെ ഒന്നാമത്തെ കേസായാണ് മുല്ലപ്പെരിയാർ വിഷയം വിളിച്ചത്. കോടതി നിർദേശിച്ച പ്രകാരം യോഗം ചേർന്നെങ്കിലും യോജിപ്പിലെത്താൻ ഇരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞില്ലെന്നു വ്യക്തമായിരുന്നു. യോഗത്തിന്റെ മിനിറ്റ്സ് തയാറാക്കി ഇരു സംസ്ഥാനങ്ങളും പ്രത്യേകം കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ, അഭയ് എസ്. ഓക്ക എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നത്.