മുല്ലപ്പെരിയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും, ജലനിരപ്പ് 137 അടിയായി

തിരുവനന്തപുരം. കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 137. 5 അടിയില്‍ എത്തിയതോടെയാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ പരമാവധി 10000 ക്യുമെക്‌സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കുക.

അതേസമയം പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു.

അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. കേരളത്തില്‍ മഴയ്ക്ക് കാരണം കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ്.