തലസ്ഥാനത്ത് സൈനികരായ സഹോദരങ്ങളെ കൊല്ലാൻ പെട്രോൾ ബോംബും വടിവാളുമായി ഗുണ്ടാ സംഘം, അറസ്റ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പ്രതികൾ പോലീസ് പിടിയിൽ. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയിൽ വീട്ടിൽ ആസിഫ് (27) എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളിൽ നിന്നും പെട്രോൾ ബോംബുകളും വടിവാളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഗുണ്ടകളുടെ അഴിഞ്ഞാട്ടം അരങ്ങേറിയത്.

കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെ സൈനികരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായാണ് സംഘമെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കല്ലറയിലെ ബാറിൽ വെച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെ വെച്ച് തണ്ണിയം സ്വദേശികളും സഹോദരങ്ങളുമായ സൈനികരും, പ്രതികളായ റഫീഖ്, സിദ്ധിക്ക് എന്നിവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനിൽ പരാതി കൊടുത്തു.

പുറത്തിറങ്ങിയും തർക്കം തുടർന്നു, നാട്ടുകാർ ഇടപെട്ടതോടെ ഇവർ പിരിഞ്ഞു പോയി. എന്നാൽ രാത്രി 11 മണിയോടെ റഫീഖ്, സിദ്ധിക്ക് ഉൾപ്പെടുന്ന സംഘം തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള സൈനികരായ സഹോദരങ്ങളുടെ വീടിനടുത്ത് പെട്രോൾ ബോംബും വടിവാളുമായാണ് എത്തിയത്.

കൃത്യ സമയത്ത് ഇതുവഴി കടന്ന് പോയ പോലീസിന്റെ നൈറ്റ് പെട്രോൾ സംഘം ഇവരെ കാണുകയായിരുന്നു. പോലീസ് സം​ഘത്തെ കണ്ടതോടെ പരിഭ്രാന്തരായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘത്തിലെ റഫീഖ്, സിദ്ധിക്ക് എന്നിവരെ സാഹസികമായി പിടികൂടുകയുമായിരുന്നു. നാലം​​ഗ സം​​ഘത്തിലെ മറ്റു രണ്ട് പ്രതികളും ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.