മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം, മത്സ്യതൊഴിലാളികൾ രക്ഷപെട്ടു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു.
കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാല് പേരും നീന്തി രക്ഷപ്പെട്ടു. നാല് പേര്‍ക്കും പരിക്കില്ല. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം.

കഴിഞ്ഞദിവസവും നാല് പേരുമായി കടലിൽ പോയ വള്ളം മറിഞ്ഞിരുന്നു. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി.

പിന്നാലെ മത്സ്യബന്ധനവകുപ്പിന്റെ ബോട്ടിൽ ഇദ്ദേഹത്തെ ഹാർബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്.

ഒരുമാസം മുൻപ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങൾ.